
മസ്‌കത്ത്: ഒമാനിൽ സ്‌കൂൾ സമയക്രമം പരിഷ്‌കരിച്ചു. രാജ്യത്ത് വേനൽ ചൂട് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൽ സ്വീകരിച്ചത്. സ്‌കൂളുകളുടെ പ്രവർത്തന സമയം കുറച്ചുള്ള ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളും പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി, കടുത്ത ചൂടിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സ്‌കൂൽ സമയം പരിഷ്‌ക്കരിച്ചത്.
വിദ്യാർത്ഥികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും, നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സ്‌കൂൾ സമയങ്ങളിൽ കുട്ടികൾ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും, ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും രക്ഷിതാക്കളോടും സ്‌കൂൾ അധികൃതരോടും മന്ത്രാലയം നിർദ്ദേശിച്ചു.




