ഒമാനിലെ പ്രധാന റോഡുകളിൽ ഫുഡ് ഡെലിവറി നടത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

മസ്‌കത്ത്: ഒമാനിലെ പ്രധാന റോഡുകളിൽ ഫുഡ് ഡെലിവറി നടത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്. ഗതാഗത വാർത്താ വിനിമയ, വിവര സാങ്കേതിക മന്ത്രാലയമാണ് ഫുഡ് ഡെലിവറി നടത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ലോജിസ്റ്റിക്‌സ് മേഖലയിലെ ലേബർ മാർക്കറ്റ് റെഗുലേഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച പുതിയ മിനിസ്റ്റീരിയൽ സർക്കുലർ വഴിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

റോയൽ ഒമാൻ പോലീസിന്റെ ട്രാഫിക് നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (39) അനുസരിച്ച്, പ്രധാന റോഡുകളിൽ ഭക്ഷണ വിതരണ മോട്ടോർസൈക്കിളുകളുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്നു. എല്ലാ ഫുഡ് ഡെലിവറി മോട്ടോർസൈക്കിൾ ഡ്രൈവർമാരും അംഗീകൃത എല്ലാ ഗതാഗത സുരക്ഷാ ആവശ്യകതകളും ചട്ടങ്ങളും പാലിച്ചുകൊണ്ട്, മോട്ടോർ സൈക്കിൾ ഗതാഗതത്തിന് അനുയോജ്യമായ സെക്കൻഡറി റോഡുകളും നിയുക്ത റൂട്ടുകളും ഉപയോഗിക്കണം. ഡെലിവറി ബൈക്ക് യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണ് നടപടി.