
മസ്‌കത്ത്: ആഗോളതലത്തിൽ ജീവിക്കാനും സന്ദർശിക്കാനും ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ നിർണായക നേട്ടവുമായി ഒമാൻ. ഈ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഒമാൻ സ്വന്തമാക്കിയത്. സിംഗപ്പൂരാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പട്ടികയിൽ ജപ്പാൻ മൂന്നാം സ്ഥാനത്തും ഖത്തർ നാലാം സ്ഥാനത്തും വിയറ്റ്‌നാം അഞ്ചാം സ്ഥാനത്തുമാണ്.
അന്താരാഷ്ട്ര മാധ്യമമായ യു.എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് തയ്യാറാക്കിയ 2026ലെ ആഗോള സുരക്ഷാ സൂചികയിലാണ് ഒമാന്റെ നേട്ടം. ലോകത്തിലെ നൂറോളം രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സമഗ്രമായ വിലയിരുത്തലിലാണ് ഒമാൻ രണ്ടാം സ്ഥാനം നേടിയത്.
കൊലപാതക നിരക്ക്, ഭീകരവാദ ഭീഷണികൾ, പൊതുജനങ്ങളുടെ സുരക്ഷ എന്നിവയെല്ലാം മുൻനിർത്തിയാണ് ഈ റാങ്കിങ് നിശ്ചയിച്ചത്. യുഎസ് ന്യൂസിന്റെ ബെസ്റ്റ് കൺട്രീസ്, സിവിക് ഹെൽത്ത് എന്നീ വിഭാഗങ്ങളിലെ വിലയിരുത്തലിലും ഒമാന്റെ ഈ സുരക്ഷാ മികവ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.




