വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത്; ഒമാൻ ടാക്‌സ് അതോറിറ്റി

മസ്‌കത്ത്: രാജ്യത്ത് ബിസിനസ്സ് നടത്തുന്നവർ തങ്ങളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ. ടാക്‌സ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വ്യക്തിഗത അക്കൗണ്ടുകൾ വഴി ബിസിനസ്സ് ഇടപാടുകൾ നടത്തിയാലും, അതിലൂടെ ലഭിക്കുന്ന വരുമാനം നികുതി റിട്ടേണുകളിൽ കൃത്യമായി രേഖപ്പെടുത്തണമെന്നും അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അതോറിറ്റി അറിയിച്ചു.

വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് വഴി നികുതി ബാധ്യതകളിൽ നിന്നോ, വരുമാനം വെളിപ്പെടുത്തുന്നതിൽ നിന്നോ ആർക്കും ഒഴിവാകാൻ കഴിയില്ല. നിയമപ്രകാരം ബിസിനസ്സിലൂടെ ഉണ്ടാകുന്ന എല്ലാ വരുമാനങ്ങളും കൃത്യമായി ടാക്‌സ് റിട്ടേണിൽ സമർപ്പിക്കാൻ നികുതിദായകർ ബാധ്യസ്ഥരാണ്. വ്യക്തിഗത ആവശ്യങ്ങൾക്കുള്ള തുകയും ബിസിനസ്സ് ഇടപാടുകളും തമ്മിൽ കലർത്താതെ രണ്ട് പ്രത്യേക ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യണം. ഇത് സാമ്പത്തിക സുതാര്യത വർധിപ്പിക്കാനും ടാക്‌സ് റിട്ടേണുകൾ എളുപ്പത്തിൽ തയ്യാറാക്കാനും സഹായിക്കുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

അക്കൗണ്ടുകൾ വേർതിരിക്കാതിരുന്നാൽ ബിസിനസ്സിലെ യഥാർത്ഥ വരുമാനവും ചെലവും കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കാതെ വരും. ഇത് വരുമാനം പൂർണമായി വെളിപ്പെടുത്താത്ത സാഹചര്യം ഉണ്ടാക്കുകയും നികുതി സംബന്ധിച്ച പിഴവുകളിലേക്ക് നയിക്കുകയും ചെയ്യും. ഈ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് അധിക നികുതി ബാധ്യതകളും കനത്ത പിഴകളും ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.