
മസ്കത്ത്: സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിനുള്ള മൊബൈൽ സ്ക്രീനിംഗ് യൂണിറ്റ് സലാലയിൽ ആരംഭിച്ചു. സലാലയിലെ അൽ സാദ ഹെൽത്ത് സെന്ററിലാണ് മൊബൈൽ സ്ക്രീനിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. രോഗം നേരത്തേ കണ്ടെത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ചികിത്സയ്ക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മൊബൈൽ സ്ക്രീനിംഗ് യൂണിറ്റ് നൽകിയത്.
ദോഫാർ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലെ സ്ത്രീകൾക്ക് സ്ക്രീനിംഗ് സേവനങ്ങൾ നൽകുന്നതിനായാണ് മൊബൈൽ യൂണിറ്റ് സ്ഥാപിച്ചതെന്നും സ്തനാർബുദ പ്രതിരോധ സംസ്കാരം പ്രചരിപ്പിക്കുക, നേരത്തെയുള്ള സ്ക്രീനിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
40 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകളെ ലക്ഷ്യം വച്ചുള്ള മാമോഗ്രാം മെഷീൻ യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സൗജന്യമായി സേവനങ്ങൾ നൽകുന്നുണ്ടെന്നും ദോഫാർ ഗവർണറേറ്റിലെ ഒമാൻ കാൻസർ അസോസിയേഷൻ ബ്രാഞ്ചിന്റെ ആക്ടിംഗ് ചെയർമാൻ സൈൻ അൽ ആബിദിൻ അലി അൽ അജീലി പറഞ്ഞു.




