ഒമാൻ തീരത്ത് എണ്ണ കപ്പലിന് തീപിടിച്ചു; 23 പേരെ രക്ഷപ്പെടുത്തി

മസ്‌കത്ത്: ഒമാൻ തീരത്ത് ആക്രമണത്തെ തുടർന്ന് തീപിടിച്ച എണ്ണ കപ്പലിൽ നിന്ന് 23 പേരെ രക്ഷപ്പെടുത്തി. സൗത്ത് ഷർഖിയക്ക് സമീപം തീപിടിച്ച ലൈബീരിയൻ പതാകയുള്ള കപ്പലിലെ സംഘത്തെയാണ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും ആരോഗ്യവാന്മാരാണെന്ന് അധികൃതർ വ്യക്തമാക്കി.

‘സ്റ്റോൾട്ട് മഗ്നീഷ്യം’ എന്ന എണ്ണ കപ്പലിനാണ് തീപിടിച്ചതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. സൗത്ത് ഷർഖിയ ഗവർണറേറ്റിന്റെ തീരത്ത് നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെയും ഒമാനി ടെറിട്ടോറിയൽ ജലാതിർത്തിക്ക് പുറത്തുമായുമാണ് സംഭവം. കപ്പൽ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് എഞ്ചിൻ റൂമിൽ തീപിടിച്ചത്.

അതേസമയം, ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.