ഭിന്നശേഷിക്കാർക്കും പരിചാരകർക്കും ദിവസവും രണ്ടു മണിക്കൂർ ജോലിസമയ ഇളവ്; തീരുമാനവുമായി ഒമാൻ

മസ്‌കത്ത്: ഒമാനിൽ ഭിന്നശേഷിയുള്ള ജീവനക്കാർക്കും അവരുടെ പ്രധാന പരിചാരകർക്കും പൂർണ ശമ്പളത്തോടെ ദിവസവും രണ്ടു മണിക്കൂർ ജോലിസമയ ഇളവ് ലഭിക്കും. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹിക വികസന മന്ത്രാലയം നൽകുന്ന ഔദ്യോഗിക ഭിന്നശേഷി തിരിച്ചറിയൽ കാർഡ് കൈവശമുള്ള ഭിന്നശേഷിയുള്ള ജീവനക്കാർ ഈ ആനുകൂല്യത്തിന് അർഹരാണ്. ഭിന്നശേഷിക്കാരുടെ പുതിയ അവകാശ നിയമപ്രകാരമാണ് നടപടി.

ഇത്തരത്തിൽ ഭിന്നശേഷിയുള്ള വ്യക്തിയുടെ പിതാവ്, മാതാവ്, മകൻ, മകൾ, അല്ലെങ്കിൽ ജീവിതപങ്കാളി എന്നിവരായ പ്രധാന പരിചാരകർക്കും ഈ ആനുകൂല്യം ലഭിക്കും. കുടുംബബന്ധം തെളിയിക്കുന്ന രേഖ, ഭിന്നശേഷിയുടെ തോത് സ്ഥിരീകരിക്കുന്ന അംഗീകൃത മെഡിക്കൽ വിലയിരുത്തൽ, തങ്ങൾ പ്രധാന പരിചാരകനാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖ എന്നിവ പരിചാരകർക്ക് ഈ ഇളവ് ലഭിക്കുന്നതിന് ഹാജരാക്കേണ്ടതാണ്.