ഒമാനിലെ ചായ, കാപ്പി ഇറക്കുമതിയിൽ റെക്കോർഡ്

മസ്‌കത്ത്: ചായയുടെയും കാപ്പിയുടെയും വിദേശ വ്യാപാര മേഖലയിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ച് ഒമാൻ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ അഞ്ച് വർഷത്തെ കാലയളവിൽ, തേയിലയുടെയും കാപ്പിയുടെയും ആകെ ഇറക്കുമതി മൂല്യം 49 ദശലക്ഷം ഒമാനി റിയാൽ കവിഞ്ഞു.

2021-ൽ തേയില ഇറക്കുമതിയുടെ മൂല്യം 13.9 ദശലക്ഷം ഒമാനി റിയാലായിരുന്നു. 2025-ൽ ഇത് 28.2 ദശലക്ഷം ഒമാനി റിയാലായി ഉയർന്നു, 103.2% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, അതേസമയം, ഇറക്കുമതി ചെയ്ത തേയിലയുടെ അളവ് 182.1% വർദ്ധിച്ച് 9.3 ദശലക്ഷം കിലോഗ്രാമിൽ നിന്ന് 26.2 ദശലക്ഷം കിലോഗ്രാമായി. കാപ്പി ഇറക്കുമതിയിലും ഗണ്യമായ വളർച്ചയുണ്ടായി. കാപ്പി ഇറക്കുമതി സാമ്പത്തിക മൂല്യം 2021-ൽ 8.6 ദശലക്ഷം റിയാലായിരുന്നു. 2025-ൽ ഇത് 21 ദശലക്ഷം റിയാലായി ഉയർന്നു. 144.1% വളർച്ചാ നിരക്കാണ് ഉണ്ടായിരിക്കുന്നത്.

ഇറക്കുമതി ചെയ്ത കാപ്പിയുടെ അളവ് 6.2 ദശലക്ഷം കിലോഗ്രാമിൽ നിന്ന് 7.7 ദശലക്ഷം കിലോഗ്രാമായി വർദ്ധിച്ചു. ഒമാനിലേക്ക് തേയില വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ കെനിയയാണ് മുന്നിൽ. 20.2 മില്യൺ റിയാലിന്റെ ഇറക്കുമതിയാണ് കെനിയയുടേത്. തൊട്ടുപിന്നിൽ യുഎഇയാണ്. 4.7 മില്യൺ റിയാലിന്റെ ഇറക്കുമതിയാണ് യുഎഇയിൽ നിന്നുള്ളത്. ഇന്ത്യയിൽ നിന്നും 1.1 മില്യൺ റിയാലിന്റെ ഇറക്കുമതിയും നടത്തിയിട്ടുണ്ട്.