
മസ്കത്ത്: അതിർത്തി വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയാൻ പുതിയ നടപടികളുമായി ഒമാൻ. ഇതിന്റെ ഭാഗമായി ഡാറ്റാ വിശകലനവും ഇന്റലിജൻസ് അധിഷ്ഠിത പരിശോധനകളും ഒമാൻ കസ്റ്റംസ് ശക്തമാക്കി. കള്ളക്കടത്ത് ശ്രമങ്ങൾ കണ്ടെത്താൻ ആധുനിക സാങ്കേതികവിദ്യയും അന്തർദേശീയ ഏജൻസികളുടെ സഹകരണവും കസ്റ്റംസ് പ്രയോജനപ്പെടുത്തുന്നുണ്ട്.
കയറ്റുമതികൾ, യാത്രക്കാർ, ഗതാഗത മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി വിശകലനം ചെയ്ത് സംശയാസ്പദമായ കേസ്സുകൾ കൃത്യമായി കണ്ടെത്താനാണ് കസ്റ്റംസ് അധികൃതർ ലക്ഷ്യമിടുന്നത്. കള്ളക്കടത്തുകാരുടെ പുതിയ മറച്ചുവെക്കൽ രീതികളും വിതരണ ശൃംഖലകളും തിരിച്ചറിയാൻ മുൻകാല കേസുകളുടെ പാറ്റേണുകൾ വിശകലനം ചെയ്യുന്നു. കര, കടൽ, വ്യോമ, തപാൽ അതിർത്തികളിൽ കണ്ടെയ്നറുകൾ, പാഴ്സലുകൾ, ലഗേജുകൾ, വാഹനങ്ങൾ എന്നിവ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ കൂടുതൽ അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നുണ്ട്.
അന്താരാഷ്ട്ര കസ്റ്റംസ് ശൃംഖലകൾ, ജുഡീഷ്യൽ-സുരക്ഷാ ഏജൻസികൾ എന്നിവയുമായി തത്സമയ വിവരങ്ങൾ പങ്കുവെച്ചാണ് സംയുക്ത നീക്കങ്ങൾ നടക്കുന്നത്. ഉദ്യോഗസ്ഥർക്ക് നൽകുന്ന വിപുലമായ പരിശീലനത്തിന് പുറമെ, വിപണിയിലേക്കുള്ള മയക്കുമരുന്നിന്റെ ഒഴുക്ക് തടയുന്നതിനൊപ്പം മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താനുള്ള ശ്രമവും ഒമാൻ കസ്റ്റംസ് നടത്തുന്നു.




