
മസ്കത്ത്: ചികിത്സാ സേവനങ്ങളുടെ ഫീസ് സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഒമാൻ ആരോഗ്യ മന്ത്രാലയം. പുതിയ ഭേദഗതി പ്രകാരം ഒമാൻ പൗരന്മാരുടെ മരണവുമായി ബന്ധപ്പെട്ട കേസുകളും ചികിത്സാ സേവന ഫീസ് പൂർണമായും ഒഴിവാക്കിയ വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി പുറപ്പെടുവിച്ച മന്ത്രിതല തീരുമാനം നമ്പർ 254/2026 പ്രകാരമാണ് നടപടി. ഇതോടെ ഒമാനിൽ എല്ലാ ചികിത്സാ സേവന ഫീസുകളിൽ നിന്നും പൂർണമായും ഒഴിവാക്കപ്പെടുന്ന വിഭാഗങ്ങളുടെ എണ്ണം 18 ആയി.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ചില പകർച്ചവ്യാധികൾ ബാധിച്ച രോഗികൾ, രക്തഅവയവ ദാതാക്കൾ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നവരും അവരുടെ കുടുംബങ്ങളും, രജിസ്റ്റർ ചെയ്ത അനാഥർ, ഭിന്നശേഷിക്കാരായ ഒമാൻ പൗരന്മാർ, രണ്ട് വയസ്സിന് താഴെയുള്ള ഒമാനി കുട്ടികൾ തുടങ്ങിയവർക്ക് നേരത്തേ തന്നെ ഫീസ് ഇളവ് അനുവദിച്ചിരുന്നു. ദേശീയ വാക്സിനേഷൻ ക്യാംപെയ്നുകളുടെയും നേരത്തെയുള്ള രോഗനിർണയ പദ്ധതികളുടെയും ഗുണഭോക്താക്കൾ, ഒമാനി ഗർഭിണികൾ, മാതൃശിശു പരിചരണവുമായി ബന്ധപ്പെട്ട ചില വിഭാഗങ്ങൾ എന്നിവർക്കും ഇളവുണ്ട്. ദീർഘകാല ഡയാലിസിസ്, കാൻസർ ചികിത്സ എന്നിവയ്ക്ക് വിധേയരാകുന്ന ഒമാനി രോഗികൾ, തടവുകാർ, വിചാരണ കാത്തിരിക്കുന്ന തടവുകാർ, സ്കൗട്ട്ഗൈഡ് അംഗങ്ങളുടെ മെഡിക്കൽ പരിശോധനകൾ തുടങ്ങിയവയ്ക്കും ഫീസിളവുണ്ട്.




