മലയാളികൾക്ക് അഭിമാനം ; ഡോ. ജോർജ് ലെസ്ലിയെ അയർലണ്ട് സർക്കാരിന്റെ പീസ് കമ്മീഷണറായി നിയമിച്ചു

ഒമാനിലെ ജനകീയ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന മലയാളി ഡോ. ജോർജ് ലെസ്ലിക്ക്‌ അയർലണ്ട് സർക്കാരിന്റെ ‘പീസ് കമ്മീഷണർ’ സ്ഥാനത്തേക്ക് നിയമിച്ചു. ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ദീർഘകാലം ഒമാനിൽ ഡോക്ടറായി സേവനമനുഷ്‍ഠിച്ചിട്ടുള്ള ഡോ.ജോർജ് ലെസ്ലി ആതുര സേവന മേഖലയ്‍ക്ക് പുറമെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒമാനിലെ മലയാളി സമൂഹത്തിനിടയിൽ ചിര പരിചിതനാണ് ഇദ്ദേഹം.

സാംസ്‍കാരിക സംഘടനയായ ‘മലയാളം’ ഒമാൻ ചാപ്റ്ററിന്റെ സ്ഥാപകരിലൊരാളും, നിലവിൽ ചെയർമാനുമാണ്. കേരള സർക്കാരിന്റെ ‘മലയാളം മിഷൻ’ പദ്ധതിയുടെ ഒമാനിലെ ആദ്യ പ്രസിഡന്റുമായിരുന്നു. ഒമാനിൽ ജോലി ചെയ്‍തു വരവേ, രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഇദ്ദേഹം ഉപരിപഠനാർത്ഥം അയർലണ്ടിൽ എത്തിയത്. കവിയും, എഴുത്തുകാരനുമായ ഡോ. ജോർജ് ലെസ്ലി തൃശുർ സ്വദേശിയാണ്
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് ബിരുദം, പീഡിയാട്രിക്സിൽ ബിരുദാനന്തര ബിരുദം എന്നിവ നേടിയ അദ്ദേഹം ആനുകാലികങ്ങളിൽ പതിവായി ലേഖനങ്ങളും കവിതകളും എഴുതുന്നുണ്ട്.