
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ സിപ്ലൈൻ പദ്ധതി പൂർത്തിയായതായി ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്) ചെയർമാൻ മുഹമ്മദ് അൽ ബുസൈദി അറിയിച്ചു . രാജ്യത്തെ സാഹസിക ടൂറിസം രംഗത്തെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ് ഈ പദ്ധതി. പദ്ധതിക്കാവശ്യമായ സുരക്ഷാപരിശോധനകളാണ് ഇനി പൂർത്തിയാക്കാനുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
ഡമ്മി ഉപയോഗിച്ച് മാസങ്ങൾക്കു മുമ്പ് നടത്തിയ പരീക്ഷണ പ്രവർത്തനങ്ങൾ വിജയകരമാണെന്ന് അധികൃതർ വിലയിരുത്തിയിരുന്നു. രാജ്യത്തെ സാഹസിക ടൂറിസം രംഗത്ത് ഉണർവ് നൽകുന്ന പദ്ധതി ഈ വർഷം ആദ്യത്തോടെ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് കരുതുന്നത്. ഖസബ് വിലായത്തിൽ ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്) ആണ് പദ്ധതിയും അനുബന്ധ സൗകര്യങ്ങളും നടപ്പാക്കുന്നത്. ജബൽ ഫിറ്റിൽ നിന്ന് ആരംഭിച്ച് ഖോർ ഖാദിയുടെയും മോഖി പ്രദേശത്തിന്റെയും മനോഹരമായ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന തരത്തിൽ 1800 മീറ്റർ നീളത്തിലാണ് സിപ്ലൈനുള്ളത്. അത്താന ഖസബ് ഹോട്ടലാണ് ഇതിന്റെ ലാൻഡിങ് പോയന്റായി നിശ്ചയിച്ചിരിക്കുന്നത്.
മുസന്ദം ഗവർണറേറ്റിലുള്ളത് സുൽത്താനേറ്റിലെ ഏറ്റവും ഉയരത്തിലുള്ള സിപ്ലൈൻ ആണ്. 220 മീറ്ററാണ് ഇതിന്റെ ഉയരം. പദ്ധതി യാഥാർഥ്യമാകുന്നതോടെ സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്ക് മുസന്ദത്തിന്റെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെയും മനോഹാരിത അനുഭവിക്കാൻ സഹായിക്കും.
കഴിഞ്ഞ വർഷം മാർച്ചിലാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി നൂതന ബ്രേക്കിങ് സിസ്റ്റം, റൈഡർമാരെ സംരക്ഷിക്കുന്നതിനുള്ള ഹെൽമറ്റുകൾ, സുരക്ഷ ജാക്കറ്റുകൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. സിപ്ലൈൻ സൈറ്റിലേക്കുള്ള റോഡിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്. ഏകദേശം 1500 മീറ്റർ ദൂരമുള്ള റോഡിന്റെ പണി കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആരംഭിച്ചത്.
കഴിഞ്ഞ വർഷം ആദ്യം മുസന്ദം ഗവർണറേറ്റിൽ ആരംഭിച്ച അഡ്വഞ്ചർ സെന്റർ പദ്ധതിയുടെ പ്രധാന ഭാഗമാണ് സിപ്ലൈൻ. ഇത് ഗവർണറേറ്റിന്റെ ടൂറിസം മേഖലയിൽ കൂടുതൽ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ടൂറിസ്റ്റ് ഗ്രൂപ്പുകളെയും സാഹസികപ്രേമികളെയും ആകർഷിക്കുന്നതിനൊപ്പം പ്രദേശത്തെ വിനോദ, സാമ്പത്തിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.