ജി20 ഉച്ചക്കോടി: ഒമാൻ പങ്കെടുക്കുന്നത് നിക്ഷേപം വർധിക്കുന്നതിന് സഹായകമാകും

ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ഒമാൻ പങ്കെടുക്കുന്നത് നിക്ഷേപം വർധിപ്പിക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും സഹായകമാകുമെന്ന് അധികൃതർ. അതിഥി രാജ്യമായാണ് ജി20 ഉച്ചക്കോടിയിൽ ഒമാൻ പങ്കെടുക്കുന്നത്.

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സമ്പദ്‌വ്യവസ്ഥകളുടെ ഫോറത്തിൽ പങ്കെുക്കാൻ കഴിയുന്നത് സുൽത്താനേറ്റിന് നിർണായക അവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്. അന്താരാഷ്ട്ര സമൂഹവുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക തലത്തിൽ സജീവ പങ്കാളി എന്ന നിലയിലുള്ള ഒമാന്റെ സ്ഥാനം ഉറപ്പിക്കുന്നുണ്ടെന്നും ജി20 മീറ്റിങ്ങുകൾക്കുള്ള ഒമാൻ സെക്രട്ടേറിയറ്റ് മേധാവിയുമായ പങ്കജ് ഖിംജി പറഞ്ഞു.

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒമാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി നിരവധി തയ്യാറെടുപ്പുകളും ഏകോപന യോഗങ്ങളും നടത്തി. ജി 20 മീറ്റിങുകളിൽ ഒമാന്റെ പങ്കാളിത്തത്തിന് മേൽനോട്ടം വഹിക്കാൻ ഒരു പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി എന്നിവർ സമിതിയിൽ അംഗങ്ങളാണ്. പങ്കെടുക്കുന്ന രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് ജി 20 മീറ്റിങുകളിലെ ഒമാന്റെ പങ്കാളിത്തം സഹായകമാകുമെന്ന് ധനമന്ത്രാലയത്തിലെ മാക്രോ-ഫിനാൻഷ്യൽ പോളിസി യൂനിറ്റ് ഡയറക്ടർ ജനറൽ ഡോ സലിം അഹമ്മദ് അൽ ജഹ്വാരി പറഞ്ഞു.