‘ഞങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്യുക’ പുതിയ കാമ്പയിൻ ആരംഭിച്ച് ഒമാൻ ടാക്സ് അതോറിറ്റി

ഒമാനിൽ നികുതി ബോധവത്കരണത്തിന്റെ ഭാഗമായി പുതിയ കാമ്പയിനുമായി ടാക്സ് അതോറിറ്റി. ‘ഞങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്യുക’എന്ന പേരിലാണ് കാമ്പയിൻ. രജിസ്റ്റർ ചെയ്യുന്നതിനും നികുതി അടയ്ക്കുന്നതിനും സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ടാക്സ് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്.

റിയൽ എസ്റ്റേറ്റ്, കരാർ മേഖലകളിലെ ബിസിനസ്സ് ഉടമകളിൽ അവബോധം വളർത്താനാണ് കാമ്പയിൻ ശ്രമിക്കുന്നതെന്ന് ടാക്സ് അതോറിറ്റി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നികുതി രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, നിയമപരമായ പ്രത്യാഘാതങ്ങളുടെ അപകടസാധ്യത കുറക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. അമീറാത്ത്, മസ്‌കത്ത്, ബൗഷർ, സീബ് എന്നീ വിലായത്തുകളിലാണ് കാമ്പയിൻ പ്രചാരണം നടത്തിയത്.

അതേസമയം ഒമാനി സംരംഭകരെ പിന്തുണക്കുന്നതിന്‍റെ ഭാഗമായി അതോറിറ്റി നിരവധി നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.’ഞങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്യുക’ കാമ്പയിനിലൂടെ, എല്ലാ തലങ്ങളിലുമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമിടയിൽ നികുതി അടക്കുന്ന സംസ്കാരം വളർത്തിയെടുക്കാനാണ് ടാക്സ് അതോറിറ്റി കാമ്പയിനിലൂടെ ശ്രമിക്കുന്നത്.