ഒമാനിൽ വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ച ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് ചില നല്ല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൽ ഒന്നാണ് സഫ തടാകത്തിൽ വീണ്ടും വെള്ളം നിറഞ്ഞത്. മരുഭൂമിക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിൽ വെള്ളമുണ്ടാകുക വളരെ വിരളമാണ്. ഇതിന് മുൻപ് 2019 ലെ മൺസൂൺ സീസനിൽ ആണ് ഇവിടെ വെള്ളമുണ്ടായത്. 2020 ഏപ്രിലിന് ശേഷം ഇവിടം പൂർണമായും വറ്റി വരണ്ട് കിടക്കുകയായിരുന്നു. അൽ ദാഹിറ ഗവർണറേറ്റിൽ നിന്നും ഏകദേശം 120 കിലോ മീറ്റർ അകലെയായാണ് തടാകം സ്ഥിതി ചെയ്യുന്നത്. ഫോട്ടോഗ്രാഫറായ ശിഹാപ്ബ് അൽ ഷഡൗദി പകർത്തിയ തടാകത്തിന്റെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തടാകം നേരിട്ടു കാണുന്നതിനായി സുൽത്താനെറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.