റാസൽഖൈമയെ ഒമാനിലെ മുസന്ദവുമായി ബന്ധിപ്പിക്കുന്ന ആദ്യ ബസ്സ് സർവീസ് ആരംഭിച്ചു

റാസൽഖൈമ: റാസൽഖൈമയെ ഒമാനിലെ മുസന്ദവുമായി ബന്ധിപ്പിക്കുന്ന ആദ്യ ബസ്സ് സർവീസ് RAK ട്രാൻസ്‌പോർട്ട് അതോറിറ്റി(RAKTA) ഇന്ന് ആരംഭിച്ചു. മുസന്ദം ഗവർണറേറ്റുമായി സഹകരിച്ചാണ് ഈ സേവനം ആരംഭിച്ചത്. വാരാന്ത്യങ്ങളിൽ പ്രതിദിനം രണ്ട് സർവീസുകളാണ് നടത്തുന്നത്.

ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സഞ്ചാരം സുഗമമാക്കുന്നതിനുമായി യുഎഇ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ സേവനം ആരംഭിക്കുന്നതെന്ന് RAKTA ഡയറക്ടർ ജനറൽ ഇസ്മായിൽ ഹസൻ അൽ ബലൂഷി പറഞ്ഞു.

സർവീസ് റാസൽഖൈമയിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഏഴ് സ്റ്റോപ്പുകളിലൂടെയാണ് കടന്നുപോകുന്നത്. മുസന്ദം ഗവർണറേറ്റിലെ ഖസബിലാണ് സർവീസ് അവസാനിക്കുന്നത്. ടിക്കറ്റുകൾ എല്ലാവര്ക്കും താങ്ങാനാവുന്നതും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതുമാണ് എന്ന് RAKTA ക്വാളിറ്റി ആൻഡ് ഓപ്പറേഷൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മൊഹമ്മദ് ഹാഷിം പറഞ്ഞു.