ഒമാനിലെ ചില ഗവർണറേറ്റുകളിൽ മഴയും മൂടൽ മഞ്ഞും

മസ്‌കറ്റ്: സൗത്ത് അൽ ഷർഖിയ, അൽ വുസ്ത, ദോഫാർ, അൽ ദാഹിറ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ ശനിയാഴ്ച രാത്രി വൈകിയും ഞായറാഴ്ച പുലർച്ചെയും മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി.

ഞായർ മുതൽ നവംബർ 9 വ്യാഴം വരെ ഒമാൻ സുൽത്താനേറ്റിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി ദേശീയ മൾട്ടി-ഹാസാർഡ് എർലി വാണിംഗ് സെന്ററർ നേരത്തെ അറിയിച്ചിരുന്നു.

മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ദാഹിറ, മസ്‌കറ്റ്, അൽ ദഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ഷർഖിയ എന്നീ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും വിവിധ തീവ്രതയുള്ള ഇടിമിന്നലിനും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശർഖിയ, അൽ ഹജർ പർവതങ്ങളിലും സമീപ പ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.