ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: നോർത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ, സൗത്ത് അൽ ബത്തിന, മസ്‌കറ്റ്, അൽ ദഖിലിയ, നോർത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ശക്തമായ മഴയ്ക്കും ആലിപ്പഴം വർഷത്തിനും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒമാൻ കടലിന്റെ തീരങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ ഇടിമിന്നൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും കേന്ദ്രീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇടിമിന്നലുള്ള സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും താഴ്‌വരകൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് കാലയളവിൽ കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശം നൽകി.