ഒമാനിലും ഗൂഗിൾ സ്ട്രീറ്റ് വ്യൂ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു

മസ്കത്ത്: ഒമാനിലെ റോഡുകൾ വെർച്വൽ വ്യൂ ഫീച്ചറിലൂടെ ദൃശ്യമാകുന്ന പദ്ധതി ഗൂഗിൾ നടപ്പാക്കുന്നു. ഗൂഗിൾ സ്ട്രീറ്റ്‌ വ്യൂ വഴി ഒമാനിലെ പ്രധാന നഗരങ്ങളുടെയും തെരുവുകളുടെയും പനോരമിക്‌ ചിത്രങ്ങൾ ഉപയോക്താക്കൾക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ് ഈ പദ്ധതി.

ഗതാഗത, ആശയ വിനിമയ, വിവര സാങ്കേതിക മന്ത്രാലയം, നാഷണൽ സർവേ അതോറിറ്റിയുടെയും പ്രതിരോധ മന്ത്രാലയത്തിന്റേയും സഹകരണത്തോടെയാണ് ഒമാനിൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ നടപ്പാക്കുന്നത്. ഇതിൻറെ ഭാഗമായുള്ള പ്രവർത്തനങ്ങൾ 2025വരെ തുടരും. സുൽത്താനേറ്റിലെ പ്രധാന തെരുവുകളുടെയും നഗരങ്ങളുടെയും പനോരമിക് ചിത്രങ്ങൾ ആണ് എടുക്കുക. ഇതിലൂടെ ഉപയോക്താക്കൾക്ക് ഈ നഗരങ്ങളുടെയും തെരുവുകളുടെയും 360 ഡിഗ്രിയിലുള്ള ചിത്രങ്ങൾ അനുഭവിച്ചറിയാൻ സാധിക്കും.

രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ പ്രധാന നഗരങ്ങളായ മസ്‌കത്ത്, സുഹാർ, സലാല എന്നിവയും രണ്ടാം ഘട്ടത്തിൽ മറ്റ് സ്ഥലങ്ങളും ഉൾപ്പെടുത്തും. യാത്രകളും സന്ദർശനങ്ങളും മറ്റും ആസൂത്രണം ചെയ്യുന്നവർക്ക് ഈ സംവിധാനം ഏറെ ഗുണം ചെയ്യുന്നതായിരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പഠനത്തിനും വിവര ശേഖരണത്തിനുമായി ആസ്ഥലത്തേക്ക് പോകാതെ തന്നെ വെർച്വൽ ടൂറിലൂടെ കാര്യങ്ങൾ മനസിലാക്കാനും ഈ സംവിധാനം വഴിയൊരുക്കും.