ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ഇടവിട്ടുള്ള മഴക്ക് സാധ്യത

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ഇടവിട്ടുള്ള മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അൽബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് മഴക്ക് സാധ്യതയെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി എക്‌സിൽ അറിയിച്ചത്. ആലിപ്പഴ വർഷത്തിനും ഇടമിന്നലിനും കാറ്റിനുമൊപ്പമുള്ള മഴയിൽ വാദികൾ നിറഞ്ഞൊഴുകിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദാഹിറ, സൗത്ത് ഷർഖിയ, അൽവുസ്ത, ദോഫർ എന്നിവിടങ്ങളിലെ മരുഭൂമികളിലും തുറന്നയിടങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, ദാഖിലിയ, ദാഹിറ, അൽബുറൈമി എന്നീ ഗവർണറേറ്റുകളിൽ താഴ്ന്ന മേഘത്തിനും മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ചൊവ്വാഴ്ച മുതൽ വ്യാഴം വരെയുള്ള വായു ന്യൂനമർദം ഒമാന്റെ അന്തരീക്ഷത്തെ ബാധിക്കുമെന്ന് ദേശീയ മുൻകൂർ മുന്നറിയിപ്പ് കേന്ദ്രത്തിന്റെ പ്രവചനങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്നുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.