ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്ന് യു.എ.ഇ.യിലേക്ക് കര അതിർത്തിവഴി പ്രവേശിക്കുന്നവർക്കുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം. അംഗീകൃത വാക്സിനുകളും ബൂസ്റ്റർ ഡോസുകളും എടുത്ത പൗരന്മാരോ വിദേശികളോ കര അതിർത്തിയിലൂടെ പ്രവേശിക്കുന്നതിന് 14 ദിവസത്തിൽ കൂടാത്ത ഒരു നെഗറ്റീവ് പിസിആർ ടെസ്റ്റ് ഹാജരാക്കണം. അവർ തുടർച്ചയായി ആറ് ദിവസമോ അതിൽ കൂടുതലോ താമസിച്ചാൽ പ്രവേശനത്തിന്റെ ആറാം ദിവസം പിസിആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവ സംയുക്തമായി ചൊവ്വാഴ്ചയാണ് നടപടിക്രമങ്ങൾ പ്രഖ്യാപിച്ചത്. കൂടാതെ യു.എ.ഇയിലെത്തി ആറാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തണം. വാക്സിൻ സ്വീകരിക്കാത്തവർ യു.എ.ഇ.യിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം കാണിക്കുകയും പ്രവേശിച്ചുകഴിഞ്ഞ് നാലാം ദിവസവും എട്ടാം ദിവസവും വീണ്ടും കോവിഡ് പരിശോധന നടത്തിയിരിക്കുകയും വേണം.
തീരുമാനം എല്ലാ ജിസിസി പൗരന്മാർക്കും വിദേശികൾക്കും ബാധകമാണ്. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരും യുഎഇയിൽ തുടർച്ചയായി പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നവരും ഈ മാനദണ്ഡങ്ങൾ പാലിക്കണം.