
മസ്കത്ത്: മഴയുള്ള സമയങ്ങളിലും മൂടൽ മഞ്ഞുള്ളപ്പോഴും വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് റോയൽ ഒമാൻ പോലീസ്. പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നാണ് റോയൽ ഒമാൻ പോലീസ് നൽകുന്ന നിർദ്ദേശം.
ദൃശ്യപരത കുറയുന്നതും റോഡുകൾ വഴുക്കലുള്ളതും ഗതാഗത അപകട സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അധികൃതർ ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു. മോശം കാലാവസ്ഥയുള്ളപ്പോൾ വേഗത കുറച്ചുവേണം വാഹനമോടിക്കേണ്ടത്. മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ശ്രദ്ധിക്കണം. വാഹനമോടിക്കുമ്പോൾ പൂർണ്ണ ശ്രദ്ധ ഡ്രൈവിംഗിലായിരിക്കണം.
അസ്ഥിരമായ കാലാവസ്ഥയുടെ കാലഘട്ടത്തിൽ സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ അനിവാര്യമാണെന്ന് റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടി. റോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സ്വയം പരിരക്ഷിക്കുന്നതിനും മറ്റുള്ളവരെ സംരക്ഷിക്കുന്നതിനും ഗതാഗത സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.




