
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള ഓൺലൈൻ ക്ലാസുകൾ ഒരു ആഴ്ചത്തേക്കു കൂടി നീട്ടി. ഒമാനിൽ കടുത്ത വേനൽച്ചൂടും ഉഷ്ണതരംഗവും തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസുകൾ തുടരണമെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്കൂൾ അധികൃതരെ അറിയിച്ചു. കടുത്ത ചൂടിൽ കുട്ടികൾ സ്കൂളുകളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് ഓൺലൈൻ ക്ലാസ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയത്.
രാവിലെ 8.15 മുതൽ 11 വരെയാണ് കെ.ജി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രാവിലെ എട്ടു മുതൽ ഉച്ചക്ക് 12.30 വരെയും ഉച്ചക്ക് ശേഷം 1.30 മുതൽ വൈകുന്നേരം 5.15 വരെയുമാണ് ഓൺലൈൻ ക്ലാസ്. ഓൺലൈൻ ക്ലാസുകൾക്കുള്ള ടൈംടേബിളും ഗൂഗിൾ മീറ്റ് ലിങ്കുകളും അതത് ക്ലാസ് അധ്യാപകർ വഴി രക്ഷിതാക്കൾക്ക് കൈമാറും. കുട്ടികൾ സ്കൂൾ നൽകിയിട്ടുള്ള ഔദ്യോഗിക ഇമെയിൽ ഐഡി ഉപയോഗിച്ച് കൃത്യസമയത്ത് ക്ലാസുകളിൽ ലോഗിൻ ചെയ്യുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തേണ്ടതാണ്.




