
മസ്‌കത്ത്: ഒമാനിൽ വിതരണത്തിനായി തയ്യാറാക്കിയ കാലാവധി കഴിഞ്ഞ ബ്രെഡ് പിടിച്ചെടുത്തു. വിതരണത്തിനായി തയ്യാറാക്കിയ 220 ലധികം പായ്ക്ക് ഒമാനി റഖാഖ് ബ്രെഡ് ആണ് അൽ ഖബൗറയിൽ നിന്നും പിടിച്ചെടുത്തത്. ഉത്പ്പന്നങ്ങളുടെ കാലാവധി തീയതികളിൽ കൃത്രിമം കാണിച്ചതായി അധികൃതർ കണ്ടെത്തി.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിപണിയിലെ ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി നടന്ന പരിശോധനയിലാണ് നടപടി. അൽ ഖബൗറയിലെ ഒരു വാണിജ്യ കേന്ദ്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ കാലാവധി തീയതികളിൽ കൃത്രിമം കാണിച്ചതായി സംശയിക്കുന്ന ബ്രെഡുണ്ടെന്ന് ഒരു ഉപഭോക്താവ് നൽകിയ പരാതിയെ തുടർന്നാണ് പരിശോധന നടന്നത്. ജുഡീഷ്യൽ ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി റിപ്പോർട്ട് പരിശോധിക്കുകയും പരിശോധനയിൽ നിയമലംഘനം കണ്ടെത്തുകയും ചെയ്തു. വിതരണത്തിനായി തയ്യാറാക്കിയ 220-ലധികം പായ്ക്ക് റഖാഖ് ബ്രെഡ് ആണ് അധികൃതർ കണ്ടെത്തിയത്. സംഭവത്തിൽ നിയമലംഘകനെതിരെ തുടർ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.




