
മസ്‌കത്ത്: മുൻകൂർ അനുമതിയില്ലാതെ തൊഴിൽ മന്ത്രാലയത്തിന്റെ ലോഗോയോ പേരോ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് പൂർണമായി നിരോധിച്ച് ഒമാൻ. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ തങ്ങളുടെ പേരോ ഔദ്യോഗിക ലോഗോയോ പരസ്യങ്ങളിലോ പ്രമോഷനുകളിലോ ഉപയോഗിക്കാൻ പാടില്ലെന്ന് വ്യക്തമാക്കുന്ന പുതിയ സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ, പ്രിന്റ് മാധ്യമങ്ങളിലെ പ്രമോഷനുകൾക്കും ഈ നിരോധനം ബാധകമാണ്. മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനോ സഹകരണമോ ഉണ്ടെന്ന് കാട്ടി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത തടയാനാണ് നടപടി. ഇനി മുതൽ മന്ത്രാലയവുമായി പങ്കാളിത്തമുണ്ടെന്ന് അവകാശപ്പെടണമെങ്കിൽ അത് സാധൂകരിക്കുന്ന ഔദ്യോഗിക അനുമതിപത്രങ്ങൾ സ്ഥാപനങ്ങൾ കൈവശം വച്ചിരിക്കണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.




