കുട്ടികൾക്ക് ശ്വാസംമുട്ടൽ സാധ്യത; ഫീഡിങ് ബോട്ടിൽ മോഡലിനെതിരെ മുന്നറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: ബൂൺ നർഷ് സിലിക്കണിന്റെ ഒരു ഫീഡിങ് ബോട്ടിൽ മോഡലിനെതിരെ മുന്നറിയിപ്പുമായി ഒമാൻ. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. Boon NURSH Silicone Bottle 8 oz. 3-Pack, Model No. B11564 മോഡൽ ഉപയോഗിക്കരുതെന്നാണ് അറിയിപ്പ്. ഈ മോഡൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇത് ഉടൻ നിർത്തേണ്ടതാണെന്ന് അതോറിറ്റി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

ഇത് ഉപയോഗിക്കുമ്പോൾ കുട്ടികൾക്ക് ശ്വാസംമുട്ടൽ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഫീഡിങ് ബോട്ടിലിന്റെ പുറം പ്ലാസ്റ്റിക് പാളിയുടെ ഭാഗങ്ങൾ അടർന്നുപോകാൻ സാധ്യതയുണ്ടെന്നും ഇത് കുട്ടികൾക്ക് ശ്വാസംമുട്ടലുണ്ടാക്കുന്ന അപകടത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, നിയമാനുസൃതമല്ലാത്ത ഉൽപ്പന്നത്തിന്റെ വിൽപ്പനയോ വിതരണമോ അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും സിപിഎ കൂട്ടിച്ചേർത്തു.