സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഒമാൻ; ഐക്യദാർഢ്യം പ്രഖ്യാപിച്ചു

മസ്‌കത്ത്: സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളെ അപലപിച്ച് ഒമാൻ. സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളവും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ ഒമാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

സിവിലിയൻ സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളെയും രാജ്യത്തിന്റെ സുരക്ഷയ്ക്കും സിവിലിയൻ സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന നടപടികളെയും ഒമാൻ പൂർണമായും നിരസിക്കുന്നുവെന്ന് മന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് വിവേകത്തിന് മുൻഗണന നൽകേണ്ടതിന്റെയും സ്വയം സംയമനം പാലിക്കേണ്ടതിന്റെയും സംഘർഷം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടതിന്റെയും അടിയന്തര ആവശ്യകത മന്ത്രാലയം ഉയർത്തിക്കാട്ടി. സൗദി അറേബ്യയ്ക്ക് ഒമാൻ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ എത്രയം വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.