
മസ്കത്ത്: ശനിയാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഒമാനി പൗരൻ ഡോ. ഹമീദ് ബിൻ സാദ് ബിൻ സലേം അൽ-ഹുസൈലിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് സൗദി അറേബ്യയിലെ ഒമാൻ എംബസി. സൗദിയിലെ ഒമാൻ അംബാസഡർ നജീബ് ബിൻ ഹിലാൽ ബിൻ സൗദ് അൽ-ബുസൈദിയും എംബസിയിലെ നയതന്ത്ര ജീവനക്കാരും അദ്ദേഹത്തെ സന്ദർശിച്ച് അദ്ദേഹത്തിന്റെ ക്ഷേമം അന്വേഷിക്കുകയും ആരോഗ്യം വിലയിരുത്തുകയും ചെയ്തു.
രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് എംബസി വ്യക്തമാക്കി. ഒമാനി പൗരന്മാർക്ക് ആവശ്യമായ എല്ലാ പരിചരണവും ശ്രദ്ധയും നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും എംബസി ഉയർത്തിക്കാട്ടി. സൗദി അറേബ്യൻ സർക്കാരിന് നൽകിയ പരിചരണത്തിനും ശ്രദ്ധയ്ക്കും, കേസ് കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ട അധികാരികളുടെ വേഗത്തിലുള്ള പ്രതികരണത്തിനും സഹകരണത്തിനും എംബസി ആത്മാർത്ഥമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഒമാനി പൗരൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.




