ഒമാനിലെ ആദ്യ സ്വകാര്യ വാഹന പരിശോധനാ കേന്ദ്രം; അക്രഡിറ്റേഷൻ നടപടിക്രമങ്ങൾ പൂർത്തിയായി

മസ്‌കത്ത്: ഒമാനിൽ ആദ്യ സ്വകാര്യ വാഹന പരിശോധനാ കേന്ദ്രം ആരംഭിക്കുന്നു. ഒമാനിലെ ആദ്യത്തെ സ്വകാര്യ വാഹന സാങ്കേതിക പരിശോധനാ സ്റ്റേഷനുള്ള അക്രഡിറ്റേഷൻ നടപടിക്രമങ്ങൾ റോയൽ ഒമാൻ പോലീസ് (ആർഒപി) പൂർത്തിയാക്കി. വാഹന സാങ്കേതിക പരിശോധന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

വാഹന സാങ്കേതിക പരിശോധന സേവനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ സംബന്ധിച്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസും കസ്റ്റംസും പുറപ്പെടുവിച്ച 88/2024 നമ്പർ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, അടുത്ത ചൊവ്വാഴ്ച (ജൂൺ 16) സ്വകാര്യ വാഹന പരിശോധനാ കേന്ദ്രം ഉദ്ഘാടനം ചെയ്യും. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ പരിസരത്താണ് ഈ സൗകര്യമുള്ളത്. രാജ്യത്തുടനീളം വാഹന പരിശോധനാ സൗകര്യങ്ങളുടെ ലഭ്യത വിപുലീകരിക്കുക, പൊതു സേവനങ്ങൾ നൽകുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ സൗകര്യം വർദ്ധിപ്പിക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. സ്വകാര്യ പരിശോധനാ സ്റ്റേഷനുകൾക്ക് അംഗീകാരം നൽകുന്നതിലൂടെ, കാത്തിരിപ്പ് സമയം കുറയ്ക്കാനും പ്രവേശനക്ഷമത മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.