
മസ്‌കത്ത്: രാജ്യത്തുടനീളം ശക്തമായ പരിശോധനയുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. 18,000 ത്തിലധികം കാലഹരണപ്പെട്ട ഉത്പ്പന്നങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു. ഏകദേശം 54,000 പായ്ക്ക് പുകയില ഉൽപ്പന്നങ്ങളും നിരോധിത സിഗരറ്റുകളും കണ്ടുകെട്ടുകയും ചെയ്തു. മസ്‌കറ്റ്, അൽ ദഖിലിയ ഗവർണറേറ്റുകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നാണ് 18,000-ത്തിലധികം കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
സൗത്ത് അൽ ഷർഖിയയിലും നോർത്ത് അൽ ബത്തിനയിലും നിരോധിത വസ്തുക്കളുടെ വിൽപ്പന തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഏകദേശം 54,000 പായ്ക്ക് പുകയില ഉൽപ്പന്നങ്ങളും നിരോധിത സിഗരറ്റുകളും അധികൃതർ പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിന് അൽ ദാഹിറയിലെയും മസ്‌കത്തിലെയും നിരവധി വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. നിയമലംഘകർക്ക് കോടതി പിഴ ചുമത്തുകയും ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്തു. നിയമ ലംഘനം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളിലൂടെ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.




