
മസ്കത്ത്: ഒമാനിലെ ദാഖിലിയ്യ ഗവർണറേറ്റിലെ അൽ ഹംറ, ബഹ്ല വിലായത്തുകളിൽ വിനോദസഞ്ചാര, പൈതൃക, വികസന പദ്ധതികൾ പുരോഗമിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ അന്തിമഘട്ടത്തിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ 40 മുതൽ 94 ശതമാനം വരെ പൂർത്തിയായതായാണ് അധികൃതർ വ്യക്തമാക്കുന്നു. ഈസ്റ്റേൺ മൗണ്ടൻ ഒയാസിസ് പദ്ധതി, അൽ ഹംറയിലെ മിസ്ഫാത്ത് അൽ അബ്രിയീൻ നവീകരണം, ബഹ്ല മാർക്കറ്റിന്റെ പുനരുദ്ധാരണം, ബഹ്ലയിലെ ജബരീൻ പ്രവേശന കവാടത്തിന്റെയും ബാസിയ പ്രദേശത്തിന്റെയും വികസനം തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
ഈസ്റ്റേൺ മൗണ്ടൻ ഒയാസിസ് പ്രോജക്റ്റ് 80% പൂർത്തിയായതായി ദാഖിലിയ ആക്ടിങ് ഗവർണർ ശൈഖ് മഹ്മൂദ് ബിൻ റാഷിദ് അൽ സാദി പറഞ്ഞു. ഏകദേശം 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ പദ്ധതിയിൽ ഒരു നിക്ഷേപ റെസ്റ്റോറന്റ്, ഒരു ഔട്ട്ഡോർ തിയേറ്റർ, തണലുള്ള ഇരിപ്പിടങ്ങൾ, പ്രാർത്ഥനാ സ്ഥലങ്ങൾ, കാൽനട നടപ്പാതകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. പർവത ടൂറിസം പ്രോത്സാഹിപ്പിക്കുക, സന്ദർശക അനുഭവം മെച്ചപ്പെടുത്തുക, നിക്ഷേപത്തിന് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുക, സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മിസ്ഫത്ത് അൽ അബ്രിയീന്റെ പുനരുദ്ധാരണവും വികസന പ്രവർത്തനങ്ങളും 40% പൂർത്തിയായി. ഗ്ലാസ് പാലത്തിന്റെയും കാൽനട നടപ്പാതയുടെയും നിർമ്മാണം, പാതകളുടെ വികസനം, വെളിച്ചം, ദിശാസൂചന സൂചനാ ബോർഡുകൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
4,77,000 ഒമാനി റിയാലിലധികം ചെലവഴിക്കുന്ന ബഹ്ല മാർക്കറ്റ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 94 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. കടകളുടെ മുഖച്ഛായ മാറ്റൽ, പാരമ്പര്യ ശൈലിയിലുള്ള വീണ്ടെടുപ്പ്, പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുനെസ്കോ ലോക പൈതൃക കേന്ദ്രമായ ബഹ്ല കോട്ടയെയും പുരാതന മസ്ജിദിനെയും ബന്ധിപ്പിക്കുന്ന ഒരു ‘ടൂറിസം കോറിഡോറും’ ഇതിന്റെ ഭാഗമായി നിർമിക്കുന്നുണ്ട്.
ജബരീൻ-ബാസിയ ഏരിയ പദ്ധതി 40 ശതമാനം പൂർത്തിയായി. പാർക്കിങ്, ലൈറ്റിങ്, റോഡ് വികസനം, വിശ്രമ സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സലൗത്ത് സെന്ററിലേക്കുള്ള റോഡ് വികസനവും ഇതിൽ ഉൾപ്പെടുന്നു. പദ്ധതികളുടെ പുരോഗതി ഗവർണറേറ്റ് നിരന്തരം വിലയിരുത്തുമെന്നും, ഉയർന്ന ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കുമെന്നും ശൈഖ് മഹ്മൂദ് ബിൻ റാഷിദ് അൽ സാദി വ്യക്തമാക്കി.




