ദേശീയ ദിനാഘോഷങ്ങൾ; തെരുവുകൾ വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: ദേശീയ ദിനാഘോഷങ്ങൾക്ക് ശേഷം തെരുവുകൾ വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി. ആഘോഷങ്ങളിലും ഘോഷയാത്രകളിലും തെരുവ് ശുചിത്വം പാലിക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഒഴിഞ്ഞ കളർ സ്പ്രേ ക്യാനുകൾ, ചിതറിയ റിബണുകൾ, പ്ലാസ്റ്റിക് വാട്ടർ ഗണ്ണുകൾ എന്നിവ റോഡുകളിലും നടപ്പാതകളിലും ഉപേക്ഷിക്കുന്നത് പൊതുവെയുള്ള ഭംഗിയെ നശിപ്പിക്കുമെന്നും തൊഴിലാളികളുടെ ശുചീകരണ ശ്രമങ്ങൾ ഇരട്ടിയാക്കുമെന്നും മുൻസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.

പൊതു ഇടങ്ങൾ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതിനായി മാലിന്യങ്ങൾ നിയുക്ത ബിന്നുകളിൽ സംസ്‌കരിക്കുന്നതും യഥാർത്ഥ ആഘോഷത്തിൽ ഉൾപ്പെടുന്നുവെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ദേശീയ ദിനം ഉത്തരവാദിത്തത്തോടെ ആഘോഷിക്കാനും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതികൾ ഒഴിവാക്കാനും പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചുകൊണ്ട് പബ്ലിക് പ്രോസിക്യൂഷൻ നിയമപരമായ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ആയുധ, വെടിക്കോപ്പ് നിയമത്തിലെ ആർട്ടിക്കിൾ 25 പ്രകാരം, ഔദ്യോഗിക അനുമതിയില്ലാതെ തോക്കുകൾ പ്രയോഗിക്കുകയോ പടക്കം പൊട്ടിക്കുകയോ ചെയ്താൽ 200 ഒമാൻ റിയാൽ വരെ പിഴ ചുമത്തും, അതേസമയം പൊതുയോഗങ്ങളിൽ ഈ കുറ്റകൃത്യങ്ങൾ ചെയ്താൽ മൂന്ന് മാസം വരെ തടവോ 300 ഒമാൻ റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

 

കൂടാതെ, പീനൽ കോഡിലെ ആർട്ടിക്കിൾ 295 പ്രകാരം, പൊതുസ്ഥലത്ത് മുഖംമൂടി ധരിച്ച് ഒരാളുടെ ഐഡന്റിറ്റി മറയ്ക്കുന്നത് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പീനൽ കോഡിലെ ആർട്ടിക്കിൾ 121 പ്രകാരം, പൊതു ക്രമത്തിന് ഭംഗം വരുത്തുന്ന പത്തോ അതിലധികമോ ആളുകളുടെ പൊതുയോഗത്തിൽ ചേരുകയോ അധികാരികൾ ഉത്തരവിട്ടാൽ പോകാൻ വിസമ്മതിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. കുറ്റവാളികൾക്ക് ഒരു വർഷം വരെ തടവോ 500 റിയാൽ പിഴയോ ലഭിക്കും. അക്രമത്തിൽ ഉൾപ്പെട്ടാലോ പ്രോത്സാഹിപ്പിക്കപ്പെട്ടാലോ, ശിക്ഷ മൂന്ന് വർഷം വരെ തടവോ 1,000 റിയാൽ പിഴയോ ആയി വർദ്ധിക്കും.